പ്ലൂട്ടോയുടെ തരംതാഴ്ത്തലിനും കുള്ളൻ ഗ്രഹങ്ങളെന്ന പുതിയ തരംതിരിക്കലിനുമൊക്കെ മുഖ്യപങ്ക് വഹിച്ച പ്രൊഫ. ബ്രൗൺ പക്ഷേ, സമീപവർഷങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഗവേഷണം ഒരർഥത്തിൽ പ്ലൂട്ടോയോട് ചെയ്തതിനുള്ള പരിഹാരക്രിയയാണ്! സൗരയൂഥത്തിന്റെ ബാഹ്യഭാഗത്ത് പ്ലൂട്ടോ സ്ഥിതിചെയ്യുന്ന കിയ്പ്പർ ബെൽറ്റ് (Kuiper Belt) മേഖലയിൽ, ഭൂമിയുടെ അഞ്ചുമടങ്ങ് വലുപ്പമുള്ള ഒരു ഗ്രഹം ഉണ്ടെന്ന നിഗമനത്തിലാണ് പ്രൊഫ.ബ്രൗൺ. 2016 മുതൽ ഒരു ഡിറ്റക്ടീവിനെപ്പോലെ അതിന് തെളിവു ശേഖരിക്കുകയാണ് അദ്ദേഹം!
കിയ്പ്പർ ബൽറ്റ് എന്നത് നെപ്ട്യൂണിനും അപ്പുറത്ത് വ്യാപിച്ചു കിടക്കുന്ന വിശാല മേഖലയാണ്. സൗരയൂഥം രൂപപ്പെട്ടപ്പോൾ ഗ്രഹങ്ങളും ഉപഗ്രഹങ്ങളുമാകാതെ അവശേഷിച്ച വസ്തുക്കൾ ആ മേഖലയിൽ ഹിമഗോളങ്ങളുടെ ഒരു ബെൽറ്റു പോലെ രൂപപ്പെട്ടു. സൂര്യനിൽ നിന്ന് 30 അസ്ട്രോണമിക്കൽ യൂണിറ്റ് (AU) അകലെയാണ് നെപ്ട്യൂൺ. അതിനപ്പുറം 20 അസ്ട്രോണമിക്കൽ യൂണിറ്റ് ദൂരം കിയ്പ്പർ ബെൽറ്റ് വ്യാപിച്ചുകിടക്കുന്നു. ഒരു അസ്ട്രോണമിക്കൽ യൂണിറ്റ് എന്നത് സൂര്യനും ഭൂമിയും തമ്മിലുള്ള ശരാശരി അകലമാണ്-149,598,000 കിലോമീറ്റർ (ഏകദേശം 15 കോടി കിലോമീറ്റർ). ഈ കണക്കുപ്രകാരം, സൂര്യനിൽ നിന്ന് 449 കോടി കിലോമീറ്റൽ അകലെ മുതൽ 748 കോടി കിലോമീറ്റർ അകലെ വരെയാണ് കിയ്പ്പർ ബെൽറ്റിന്റെ പരിധി.
കിയ്പ്പർ ബെൽറ്റിലെ ചില വസ്തുക്കളുടെ ഭ്രമണപഥത്തിന് പ്രതീക്ഷിക്കാത്ത വിധം ഇളക്കം തട്ടുന്ന കാര്യം ശ്രദ്ധയിൽ പെട്ടതാണ്, അവിടെയൊരു ഭീമൻ ഗ്രഹം ഉണ്ടാകാമെന്ന നിഗമനത്തിലേക്ക് പ്രൊഫ.ബ്രൗണിനെ നയിച്ചത്. 'പ്ലാനറ്റ് നൈൻ' (Planet Nine) എന്നാണ് ആ നിഗൂഢ ഗ്രഹത്തെ വിളിക്കുന്നത്.
കിയ്പ്പർ ബെൽറ്റ് വസ്തുക്കളുടെ ഭ്രമണപഥത്തിന് ചാഞ്ചാട്ടമുണ്ടാകുന്നതിന് പല കാരണങ്ങളുണ്ടാകാം. നിരീക്ഷണത്തിലെ പിഴവാകാം, അല്ലെങ്കിൽ ആ വസ്തുക്കളുടെ സ്ഥാനം സംബന്ധിച്ച ഡേറ്റയിൽ വന്നിട്ടുള്ള പിശകാവാം. അതുമല്ലെങ്കിൽ, ആ മേഖലയിൽ കറങ്ങി നടക്കുന്നു ഭീമൻ ഗ്രഹം ചെലുത്തുന്ന ഗുരുത്വബലമാകാം! പ്രൊഫ.ബ്രൗണും സംഘവും ഇക്കാര്യങ്ങൾ വിശദമായി പരിശോധിച്ചു. ഒടുവിൽ അവശേഷിച്ചത് 'ഒൻപതാം ഗ്രഹം' സംബന്ധിച്ച നിഗമനം മാത്രമാണ്. അങ്ങനെയെങ്കിൽ, എന്തുകൊണ്ട് ഒൻപതാം ഗ്രഹം കണ്ടുപിടിക്കാൻ കഴിയുന്നില്ല? വിദൂരനക്ഷത്രങ്ങളെ ചുറ്റുന്ന അന്യഗ്രഹങ്ങളെ (exoplanets) പോലും നിരീക്ഷിക്കാൻ കഴിയുന്ന പുതിയ കാലത്ത്, സൗരയൂഥത്തിൽ ഒരു ഗ്രഹം ആരുടെയും ദൃഷ്ടിയിൽ പെടാതെ കഴിയുകയോ?
സൗരയൂഥത്തിലാണെങ്കിലും, കിയ്പ്പർ ബൽറ്റിലെ വസ്തുക്കളെ കണ്ടെത്തുക വളരെ ദുർഘടമാണെന്ന് ഗവേഷകർ പറയുന്നു. സൂര്യനിൽ നിന്ന് വളരെ അകലെയുള്ള പ്രദേശമാണ്. തീരെക്കുറഞ്ഞ സൂര്യപ്രകാശമേ അവിടെ എത്തൂ. അതിനാൽ അതൊരു ഇരുണ്ട ലോകമാണ്. നേരിട്ട് നിരീക്ഷിക്കാൻ കഴിയാത്ത വിധം മങ്ങിയ നിലയിലാകും വസ്തുക്കൾ കാണപ്പെടുക. മാത്രമല്ല, ആകാശത്തിന്റെ ഏതു ദിക്കിലേക്കു നോക്കിയാലാണ് ഒൻപതാം ഗ്രഹത്തെ കാണാനാവുക എന്നും വ്യക്തമല്ല.
സൗരയൂഥത്തിന് വെളിയിൽ വിദൂര നക്ഷത്രങ്ങളെ ചുറ്റുന്ന ഗ്രഹങ്ങളുടെ സാന്നിധ്യം മനസിലാക്കുന്നത് പ്രധാനമായും 'സംതരണ വിദ്യ' (transit method) വഴിയാണ്. മാതൃനക്ഷത്രത്തിന് മുന്നിലൂടെ ഗ്രഹം സഞ്ചരിക്കുമ്പോൾ, നക്ഷത്രത്തിളക്കത്തിന് ചെറിയതോതിൽ മങ്ങലുണ്ടാകും. കൃത്യമായ ഇടവേളകളിലാകും അത് സംഭവിക്കുക. ഇക്കാര്യം നിരീക്ഷിച്ചാണ് അന്യഗ്രഹങ്ങളെ തിരിച്ചറിയുക. എന്നാൽ, കിയ്പ്പർ ബെൽറ്റിലുണ്ടെന്നു കരുതുന്ന ഒൻപതാം ഗ്രഹത്തിന്റെ കാര്യത്തിൽ ഈ വിദ്യ പ്രായോഗികമല്ല.
എന്നിരിക്കിലും, ഒൻപതാം ഗ്രഹത്തെ വലയിലാക്കാൻ ഒരു മാർഗ്ഗം തെളിഞ്ഞു വരുന്നതായി പുതിയ പഠനം പറയുന്നു. 2018 ഏപ്രിലിൽ നാസ വിക്ഷേപിച്ച 'ടെസ്സ്' (TESS - Transiting Exoplanet Survey Satellite) എന്ന ബഹിരാകാശ പേടകമാണ് പുതിയ സാധ്യത മുന്നോട്ടുവെയ്ക്കുന്നത്. ഒരു പക്ഷേ, ആ പേടകം ഇതിനകം തന്നെ ഒൻപതാം ഗ്രഹത്തെ നിരീക്ഷിച്ചിട്ടുണ്ടാകാമെന്ന് ഗവേഷകർ കരുതുന്നു. ടെസ്സ് ഡേറ്റയ്ക്കുള്ളിൽ അത് മറഞ്ഞിരിക്കുകയാകാമെന്ന് പഠനറിപ്പോർട്ട് പറയുന്നു. (Research Notes of the AAS, Oct 22, 2019). സ്മിത്സോണിയൻ നക്ഷത്രഭൗതിക ശാസ്ത്രജ്ഞൻ മാത്യു ജെ.ഹോൾമാനും (Matthew J. Holman) സംഘവുമാണ് പഠനം നടത്തിയത്.
സംതരണ വിദ്യ ഉപയോഗിച്ച് അന്യഗ്രഹങ്ങളെ തിരിച്ചറിയാൻ വിക്ഷേപിച്ചതാണ് ടെസ്സ് പേടകം. ഒൻപതാം ഗ്രഹത്തിന്റെ കാര്യത്തിൽ അത് പ്രായോഗികവുമല്ല. പിന്നെങ്ങനെ ടെസ്സ് സഹായിക്കും എന്നു തോന്നാം. ആകാശത്തിന്റെ ഓരോ ഇടങ്ങളെ ദീർഘനേരം നിരീക്ഷിക്കുകയാണ് ടെസ്സ് ചെയ്യുക. അങ്ങനെ ലഭിക്കുന്ന ഡേറ്റയിൽ നിന്ന്, 'ഡിജിറ്റൽ ട്രാക്കിങ്' (digital tracking) എന്ന ജ്യോതിശാസ്ത്ര വിദ്യ വഴി ഒൻപതാം ഗ്രഹത്തെ കുരുക്കിലാക്കാമെന്ന് പഠനം പറയുന്നു. ആകാശത്തുള്ള തീരെ മങ്ങിയ വസ്തുക്കളെ കണ്ടെത്താൻ ഉപയോഗിക്കുന്ന സൂത്രവിദ്യയാണ് ഡിജിറ്റൽ ട്രാക്കിങ്.
ദീർഘനിരീക്ഷണമാണ് ആകാശത്തിന്റെ ഓരോയിടങ്ങളിൽ ടെസ്സ് നടത്തുക എന്നു പറഞ്ഞല്ലോ. ആ നിരീക്ഷണവേളയിൽ ഒട്ടേറെ ഫോട്ടോകൾ ഒറ്റ ഫീൽഡ് വ്യൂവിൽ നിന്ന് ആ പേടകം സമ ാഹരിക്കും. ആ ദൃശ്യങ്ങളെ ഒന്നിനു മേൽ മറ്റൊന്ന് എന്ന നിലയ്ക്ക് കൂട്ടിച്ചേർക്കുമ്പോൾ, മങ്ങിയ വസ്തുക്കളുടെ തെളിച്ചമുള്ള ദൃശ്യങ്ങൾ ലഭിക്കും. ഏതാണ്ട് ഇങ്ങനെയാണ് ഡിജിറ്റൽ ട്രാക്കിങ് പ്രാവർത്തികമാവുക. പ്രത്യേക കമ്പ്യൂട്ടർ പ്രോഗ്രാമുകളുടെ സഹായവും ഇതിനുണ്ടാകും.
നിശ്ചലമായി നിൽക്കുന്ന വസ്തുവല്ല ഒൻപതാം ഗ്രഹം. ദൃശ്യങ്ങൾ മേൽക്കുമേൽ അടുക്കി ക്രമീകരിച്ച് (stacking) വെച്ചു മാത്രം ഗ്രഹത്തെ കണ്ടെത്താൻ കഴിഞ്ഞെന്നു വരില്ല. ഗ്രഹത്തിന്റെ ഭ്രമണപഥം സംബന്ധിച്ച് ചില അനുമാനങ്ങൾ രൂപപ്പെടുത്തേണ്ടി വരും. അങ്ങനെ, ഏതാണ്ട് എവിടെയാണ് ഗ്രഹമുള്ളതെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിൽ ആ പ്രദേശത്തിന്റെ മധ്യഭാഗത്തേക്ക് ടെസ്സ് ശ്രദ്ധ തിരിക്കണം. അവിടെ നടത്തുന്ന ദീർഘനിരീക്ഷണത്തിൽ കിട്ടുന്ന ദൃശ്യങ്ങളുപയോഗിച്ച് കമ്പ്യൂട്ടർ പ്രോഗ്രാമുകളുടെ സഹായത്തോടെ ഡിജിറ്റൽ ട്രാക്കിങ് നടത്തുമ്പോൾ ഒൻപതാം ഗ്രഹം പിടിയിലാകുമെന്ന് പഠനറിപ്പോർട്ടിൽ പറയുന്നു.
ടെസ്സ് ഡേറ്റ ഇത്തരമൊരു സാധ്യത മുന്നോട്ടു വെയ്ക്കുന്നതിനിടെ, പ്രൊഫ.ബ്രൗണും, കാൽടെക്കിലെ തന്നെ മറ്റൊരു ജ്യോതിശാസ്ത്രജ്ഞനായ കോൺസ്റ്റാന്റിൻ ബാട്ടിഗിൻ (Konstantin Batygin) എന്ന ഗവേഷകനും ചേർന്ന്, കിയ്പ്പർ ബെൽറ്റിലെ വസ്തുക്കളുടെ പ്രത്യേകതകൾ കണ്ടെത്താൻ വ്യത്യസ്തമായ മാർഗ്ഗം ആവിഷ്ക്കരിച്ചു വരികയാണ്. അടുത്തയിടെ, ഇരുവരും ചേർന്ന് പ്രസിദ്ധീകരിച്ച പഠനറിപ്പോർട്ടുകൾ ഇക്കാര്യം വിശദീകരിക്കുന്നു. ഏതായാലും ഒരുകാര്യം തീർച്ച, ഒൻപതാം ഗ്രഹത്തിന് അധികകാലം ഇനി മറഞ്ഞിരിക്കാൻ കഴിയില്ല.



