Type Here to Get Search Results !
WhatsApp Groupകൂടുതൽ പ്രാദേശിക വാർത്തകളും അറിയിപ്പുകളും ബ്രേക്കിംഗ് ന്യൂസുകളും ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..
JOIN GROUP

ചന്ദ്രനിയിൽ ആദ്യമായി ഒരു വനിതയെ ഇറക്കാനുള്ള ആര്‍ട്ടിമിസ് പദ്ധതിയുമായി നാസ | NASA launches Artemis to land a woman on the moon for the first time


(IMAGE: ©NASA)


🔘2024ല്‍ ചന്ദ്രനില്‍ ആദ്യമായി ഒരു വനിതയെ ഇറക്കാന്‍ ലക്ഷ്യമിടുന്ന  അമേരിക്കയുടെ ദൗത്യത്തിന്റെ പേരാണ് ആര്‍ട്ടിമിസ്

🔘ചൊവ്വയിലേക്കുള്ള ഭാവി യാത്രകള്‍ക്കുള്ള അടിത്തറയായാണ് ഈ ചാന്ദ്ര ദൗത്യത്തെ നാസ കാണുന്നത്. ഭൂമിക്ക് ഏറ്റവും അടുത്തുള്ള ആകാശ ഗോളത്തില്‍ മനുഷ്യന്‍ നേരിടുന്ന വെല്ലുവിളികള്‍ തിരിച്ചറിയുകയും അനുഭവങ്ങള്‍ ഊര്‍ജ്ജമാക്കുകയുമാണ് ആര്‍ട്ടിമിസ് ദൗത്യത്തിന്റെ ലക്ഷ്യം

🔘മനുഷ്യനെ ആദ്യമായി ചന്ദ്രനില്‍ കാലുകുത്തിച്ച നാസയുടെ ചാന്ദ്ര ദൗത്യത്തിന് അപ്പോളോ എന്നാണ് പേരിട്ടിരുന്നത്. ഗ്രീക്ക് പുരാണത്തിലെ അപ്പോളോ ദേവന്റെ പേരാണ് ഇത്രയും കാലം അമേരിക്ക ചന്ദ്രനിലേക്കുള്ള ദൗത്യങ്ങള്‍ക്ക് ഉപയോഗിച്ചിരുന്നത്. പുതിയ ചാന്ദ്ര ദൗത്യമായ ആര്‍ട്ടിമിസിന് അപ്പോളോയുമായി അഭേദ്യബന്ധമുണ്ട്. യവനപുരാണത്തില്‍ അപ്പോളോ ദേവന്റെ ഇരട്ട സഹോദരിയാണ് ആര്‍ട്ടിമിസ്. പുതിയ ദൗത്യത്തില്‍ ആദ്യ സ്ത്രീയും ചന്ദ്രനിലെത്തുമെന്നതാണ് ഈ പേരിലെ കാവ്യനീതി. 
🔘മുന്‍ അപ്പോളോ ദൗത്യങ്ങള്‍ അമേരിക്കയുടേത് മാത്രമായിരുന്നു. എന്നാല്‍, ഇനിയുള്ള ദൗത്യങ്ങളില്‍ യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയും ഭാഗമാണ്.ചൊവ്വയിലേക്കുള്ള കുതിച്ചുചാട്ടത്തിന് മുന്നോടിയായുള്ള കാല്‍വെപ്പായാണ് ചന്ദ്രദൗത്യത്തെ നാസയും ലോകവും കാണുന്നത്. 1969 ജൂലൈ 16നാണ് അപ്പോളോ ദൗത്യമായ അപ്പോളോ 11 ആദ്യമായി മനുഷ്യരേയും വഹിച്ച് ഭൂമിയില്‍ നിന്നും കുതിച്ചുയര്‍ന്നത്. മനുഷ്യരേയും വഹിച്ചുള്ള അവസാന ചാന്ദ്ര ദൗത്യമായ അപ്പോളോ 17 സംഭവിച്ചത് 1972 ഡിസംബര്‍ ഏഴിനായിരുന്നു. ഇതിനിടെ ആറ് തവണയായി 12 പുരുഷന്മാര്‍ ചന്ദ്രനില്‍ പോയി. പിന്നീട് 48 വര്‍ഷം നീണ്ട ഇടവേളക്കുശേഷം ഇപ്പോഴാണ് നാസ ചന്ദ്രനിലേക്കുള്ള മനുഷ്യയാത്രയെ പൊടിതട്ടിയെടുക്കുന്നത്. നാല് പതിറ്റാണ്ട് കഴിഞ്ഞെങ്കിലും അപ്പോളോ ദൗത്യം തന്നെയാണ് നാസയുടെ ചന്ദ്ര ദൗത്യത്തിന്റെ അടിസ്ഥാനം. അപ്പോളോ ദൗത്യത്തില്‍ ചന്ദ്രനിലെത്തിയ എല്ലാവരും പുരുഷന്മാരായിരുന്നു. അതുകൊണ്ടുതന്നെ ആര്‍ട്ടിമിസ് ദൗത്യത്തില്‍ ഒരു വനിത ഭാഗമാകുമ്പോള്‍ നാസ പല വെല്ലുവിളികളേയും നേരിടേണ്ടതുണ്ട്. 

🔘ആദ്യ വനിതാ ബഹിരാകാശ സഞ്ചാരിയായ സോവിയറ്റ് യൂണിയന്റെ വാലന്റീന തെരഷ്‌കോവക്കു ശേഷം രണ്ട് പതിറ്റാണ്ടിന് ശേഷം 1983ല്‍ മാത്രമാണ് അമേരിക്ക ആദ്യ വനിതയെ ബഹിരാകാശത്തേക്ക് എത്തിക്കുന്നത്. 
വനിതാ ബഹിരാകാശ സഞ്ചാരികള്‍ നേരിടുന്ന വെല്ലുവിളികളുടെ ഒരു ഉദാഹരണമായിരുന്നു ഏപ്രിലില്‍ സംഭവിച്ചത്. രണ്ട് വനിതാ ബഹിരാകാശ സഞ്ചാരികളെ വെച്ച് നാസ ബഹിരാകാശ നടത്തം പദ്ധതിയിട്ടു. അവസാന നിമിഷം ഒരു വനിതയും, ഒരു പുരുഷനുമായി ഇത് മാറ്റേണ്ടി വന്നു. ഒരു വനിതക്ക് പാകമായ സ്‌പേസ് സ്യൂട്ട് മാത്രമേ ലഭ്യമായിരുന്നുള്ളൂ എന്നതായിരുന്നു കാരണം. അറിഞ്ഞും, അറിയാതെയും സ്വാഭാവികമായി പോയ ബഹിരാകാശത്തെ ഈ പുരുഷ മേധാവിത്വമാണ് നാസയുടേയും, വനിതാ സഞ്ചാരിയുടേയും പ്രധാന വെല്ലുവിളി. അമേരിക്ക 1970വരെ വനിതകളെ ബഹിരാകാശ യാത്രകളില്‍ പരിഗണിച്ചിട്ടു പോലുമുണ്ടായിരുന്നില്ല. അപ്പോളോ ദൗത്യത്തിനായി നാല് പതിറ്റാണ്ട് മുൻപ് നിര്‍മിച്ച 18 ബഹിരാകാശ സ്യൂട്ടുകളും സ്വാഭാവികമായും പുരുഷന്മാര്‍ക്ക് വേണ്ടിയുള്ളതായിരുന്നു. അന്ന് നിര്‍മിച്ചവയില്‍ നാലെണ്ണം മാത്രമാണ് ഇപ്പോഴും ഉപയോഗക്ഷമമെന്ന് കരുതപ്പെടുന്നത്. 

🔘നാസ നിര്‍മിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും കരുത്തുള്ള റോക്കറ്റാണ് ആര്‍ട്ടിമിസ് ദൗത്യത്തിനായി ഒരുക്കുന്നത്. ഒമ്പത് ആര്‍ട്ടിമിസ് ദൗത്യങ്ങള്‍ക്കുവരെ സ്‌പേസ് ലോഞ്ച് സിസ്റ്റം (എസ്.എല്‍.എസ്) ഉപയോഗിക്കാനാകുമെന്നാണ് കരുതപ്പെടുന്നത്. നോര്‍ത്രോപ് ഗ്രുമ്മാന്‍ കമ്പനിക്കാണ് അടുത്ത ആറ് സ്‌പേസ് ലോഞ്ച് സിസ്റ്റങ്ങള്‍ക്കുള്ള ട്വിന്‍ ബൂസ്റ്ററുകള്‍ നിര്‍മിക്കാനുള്ള കരാര്‍ ലഭിച്ചിരിക്കുന്നത്. ഏതാണ്ട് 49.5 മില്യണ്‍ ഡോളറിന്റെയാണ് (ഏതാണ്ട് 370 കോടി രൂപ) കരാര്‍. ആര്‍ട്ടിമിസ് ദൗത്യത്തിന് മുന്നോടിയായുള്ള യാത്രകള്‍ 2021ല്‍ തന്നെ നാസ ആരംഭിക്കും. ചന്ദ്രനില്‍ ഇറങ്ങുന്നതിന് മുൻപ് ചന്ദ്രനെ ചുറ്റുന്ന രണ്ട് ബഹിരാകാശ ദൗത്യങ്ങളും നടക്കും. 

🔹ആര്‍ട്ടിമിസ് ഒന്ന് ദൗത്യത്തില്‍ എസ്.എല്‍.എസും, ഓറിയോണ്‍ ബഹിരാകാശ വാഹനവുമായിരിക്കും പരീക്ഷിക്കുക. 

🔹രണ്ടാം ആര്‍ട്ടിമിസ് ദൗത്യത്തില്‍ ബഹിരാകാശ സഞ്ചാരികളും കൂട്ടത്തിലുണ്ടാകും. 

🔹ഇതിന് തൊട്ടടുത്ത വര്‍ഷം 2024ല്‍ ആര്‍ട്ടിമിസ് മൂന്നാം ദൗത്യത്തിന്റെ ഭാഗമായിട്ടാകും ആദ്യ വനിതയും അടുത്ത പുരുഷനും ചന്ദ്രനിലെത്തുക. 
ആദ്യ ചുവട് ചന്ദ്രനിലേക്കാണെങ്കിലും നാസയുടെ പരമമായ ലക്ഷ്യം ചൊവ്വാദൗത്യമാണ്. ബഹിരാകാശ ഗവേഷണത്തിന് ഏറ്റവും പറ്റിയ സാധ്യതയാണ് ചന്ദ്രന്‍. ഭൂമിയിലെ പല അമൂല്യമായ മൂലകങ്ങളും ചന്ദ്രനില്‍ നിന്നും ഭാവിയില്‍ കൊണ്ടുവരാനാകുമെന്ന് വിശ്വസിക്കുന്നവരുണ്ട്. ചന്ദ്രനില്‍ കൃത്രിമ അന്തരീക്ഷമുണ്ടാക്കി മനുഷ്യന്റെ അന്യഗ്രഹ അതിജീവനത്തിന് നിര്‍ണ്ണായക വിവരങ്ങളും ആര്‍ട്ടിമിസിലൂടെ ലഭിക്കും. മനുഷ്യന്റെ ഭാവി ബഹിരാകാശ യാത്രകളുടെ ഇടത്താവളമായി ചന്ദ്രനെ മാറ്റാനാണ് ലക്ഷ്യം. 

🔘ഭൂമിയില്‍ നിന്നും മൂന്ന് ദിവസത്തെ യാത്ര മാത്രമുള്ള ചന്ദ്രനാണ് മനുഷ്യന് അന്യഗ്രഹങ്ങളെക്കുറിച്ച് പഠിക്കാനുള്ള ഏറ്റവും എളുപ്പവഴി. ചന്ദ്രനില്‍ നിന്നും ലഭിക്കുന്ന അനുഭവങ്ങളായിരിക്കും തിരിച്ചുവരവിന് അടക്കം മൂന്ന് വര്‍ഷമെടുക്കുന്ന ചൊവ്വാ ദൗത്യത്തിനുള്ള വിലപ്പെട്ട പാഠങ്ങള്‍. 
ചന്ദ്രനിലെ ദക്ഷിണ ധ്രുവത്തിലാണ് ആര്‍ട്ടിമിസ് ദൗത്യത്തിന്റെ ഭാഗമായി സഞ്ചാരികള്‍ ഇറങ്ങുക. സൂര്യപ്രകാശം ലഭിക്കുന്നതും ലഭിക്കാത്തതുമായ പ്രദേശങ്ങള്‍ ഈ മേഖലയിലുണ്ട്. ചന്ദ്രനിലെ ജലസാന്നിധ്യത്തെക്കുറിച്ച് പഠിക്കാനുള്ള ഏറ്റവും മികച്ച പ്രദേശമാണിതെന്നും ശാസ്ത്രജ്ഞര്‍ കണക്കുകൂട്ടുന്നു.

കടപ്പാട്: ചിത്രം - NASA
Article : JJSA

Post a Comment

1 Comments
* Please Don't Spam Here. All the Comments are Reviewed by Admin.