Type Here to Get Search Results !
WhatsApp Groupകൂടുതൽ പ്രാദേശിക വാർത്തകളും അറിയിപ്പുകളും ബ്രേക്കിംഗ് ന്യൂസുകളും ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..
JOIN GROUP

എവിടെയാണ് അന്യഗ്രഹജീവികൾ?


എവിടെയാണ് അന്യഗ്രഹജീവികൾ?

അന്യഗ്രഹജീവികൾ മനുഷ്യനെ എല്ലാകാലത്തും ജിജ്ഞാസപ്പെടുത്തിയിരുന്ന ഒരു സാധ്യതയാണ്. യഥാർഥത്തിൽ ഏതെങ്കിലും അന്യഗ്രഹജീവികളുമായി മനുഷ്യൻ എന്ന ജീവിക്ക് നേരിട്ടൊരു മുഖാമുഖം ഉണ്ടായിട്ടുണ്ടോ?
അത്തരമൊരു മുഖാമുഖം ഉണ്ടാകണമെങ്കിൽ ഒന്നുകിൽ മനുഷ്യൻ ഭൂമി വിട്ടുപോകണം, അല്ലെങ്കിൽ അന്യഗ്രഹത്തിൽനിന്ന് ജീവികൾ ഇങ്ങോട്ടുവരണം. ഇതിൽ ആദ്യത്തെ വഴി പരിഗണിക്കാറായിട്ടില്ല. കാരണം, പന്ത്രണ്ട് അമേരിക്കക്കാർ ഭൂമിയുടെ തന്നെ ഉപഗ്രഹമായ ചന്ദ്രനിൽ കാലുകുത്തിയത് ഒഴിച്ചാൽ മനുഷ്യനെന്ന ജീവിയുടെ സകല പരാക്രമങ്ങളും ലക്ഷക്കണക്കിന് വർഷങ്ങളായി ഈ ഭൂമിയിൽ മാത്രമായി ഒതുങ്ങിയിരിക്കുകയാണ്. ഇനിയുള്ള രണ്ടാമത്തെ വഴിയെപ്പറ്റിയും ആദ്യമേ തന്നെ പറയട്ടെ, ഒട്ടേറെ 'വാർത്ത'കളും ഗൂഢാലോചനാ സിദ്ധാന്തങ്ങളും കേൾക്കാനുണ്ടെങ്കിലും വസ്തുനിഷ്ഠമായി ഉറപ്പിക്കപ്പെട്ട, തെളിവുകളുള്ള ഒറ്റ അന്യഗ്രഹജീവിസന്ദർശനവും നിലവിലില്ല. തോന്നലുകളും കിംവദന്തികളും കെട്ടുകഥകളും മാത്രമാണ് അവയെല്ലാം. ചുരുക്കത്തിൽ, അന്യഗ്രഹജീവികളുമായുള്ള മുഖാമുഖത്തെപ്പറ്റി നമുക്കിവിടെ ഒന്നും തന്നെ പറയാനില്ല. അത് ഇതുവരെ സംഭവിച്ചിട്ടില്ല. എന്നാൽ, അതേപ്പറ്റി നമുക്കൊന്നും പറയാനാവില്ല എന്നർഥമില്ല. നൂറ്റാണ്ടുകളുടെ ശാസ്ത്രീയാന്വേഷണത്തിന്റെ വെളിച്ചത്തിൽ നാം ജീവിക്കുന്ന പ്രപഞ്ചത്തെപ്പറ്റി സാമാന്യം നല്ലൊരു ധാരണ നമുക്കുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ അന്യഗ്രഹജീവികളെപ്പറ്റി സാമാന്യമായി നമുക്ക് ചിലത് പറയാനാകും.

അതിനുവേണ്ട സാഹചര്യം

നമ്മളൊരു അന്യഗ്രഹജീവി സന്ദർശനം പ്രതീക്ഷിക്കണമെങ്കിൽ എന്തൊക്കെ സാഹചര്യങ്ങളാണ് അനുകൂലമാകേണ്ടത്? ഏറ്റവുമാദ്യം എവിടെയെങ്കിലും ജീവൻ ഉണ്ടായിരിക്കണം. പക്ഷേ, വെറുതേ ജീവൻ ഉദ്ഭവിച്ചതുകൊണ്ടായില്ല. ഒരു അന്യഗ്രഹത്തിൽ ഭൂമിയിലെ മനുഷ്യരൊഴികെയുള്ള സകല ജീവികൾക്കും സമാനമായ ജീവികൾ സുഭിക്ഷമായി ജീവിക്കുന്നു എന്ന് കരുതുക. നമ്മളത് എങ്ങനെ അറിയാനാണ് നമ്മൾ ആ ഗ്രഹത്തിൽ ചെല്ലുന്നതുവരെ -കുറഞ്ഞത് അവരുടെ തൊട്ടടുത്ത ആകാശം വരെയെങ്കിലും- ആ ജീവികളെക്കുറിച്ച് നമുക്കൊന്നും അറിയാനാവില്ല. നമുക്കിവിടെനിന്ന് അറിയണമെങ്കിൽ മനുഷ്യരെപ്പോലെ ബുദ്ധിവികാസം പ്രാപിച്ച ജീവികൾ ഉണ്ടാകുകയും ആ ബുദ്ധിവെച്ച് അവർ ഗ്രഹാന്തരയാത്രകൾക്ക് പറ്റിയ സാങ്കേതികവിദ്യകൾ വികസിപ്പിക്കുകയും വേണം. കുറഞ്ഞത് നമ്മുടേതുപോലെ റേഡിയോതരംഗങ്ങൾ ഉപയോഗിച്ചുള്ള വിവരവിനിമയ സംവിധാനങ്ങളെങ്കിലും അവർ സാധിച്ചെടുത്താൽ, നേരിട്ട് കണ്ടില്ലെങ്കിൽപ്പോലും അവരെപ്പറ്റി അറിയാനെങ്കിലും സാധിച്ചേക്കും. നക്ഷത്രാന്തരദൂരങ്ങളുടെ വലുപ്പം പരിഗണിക്കുമ്പോൾ, നേരിട്ടിങ്ങെത്തണമെങ്കിൽ ഈ വികസിതജീവികൾ സാമാന്യം നല്ല ആയുർദൈർഘ്യം ഉള്ളവർ കൂടി ആയിരിക്കണം. കാരണം സൂര്യൻ കഴിഞ്ഞാൽ തൊട്ടടുത്ത നക്ഷത്രത്തിൽ നിന്ന് പ്രകാശംപോലും ഇവിടെയെത്താൻ നാലരവർഷമെടുക്കും. തൊട്ടടുത്ത ഗാലക്സിയാണെങ്കിൽ അത് ഇരുപത്തഞ്ച് ലക്ഷം വർഷമാണ്.
പിച്ചവെക്കുന്ന മനുഷ്യർ
ഇതേ സ്ഥാനത്ത് നാം നമ്മളെക്കുറിച്ച് കൂടി ചിന്തിക്കണം. നമ്മുടെ ഭൂമിക്ക് 450 കോടി വർഷത്തെ പഴക്കമുണ്ട്. ഇവിടെ ജീവനുണ്ടായിട്ട് കുറഞ്ഞത് 350 കോടി വർഷമെങ്കിലും ആയിട്ടുണ്ടെന്നാണ് തെളിവുകൾ പറയുന്നത്. പക്ഷേ, അത് ജീവന്റെ പ്രായമാണ്. അതിലളിതമായ ഏകകോശജീവിയിൽനിന്ന് കോടിക്കണക്കിന് വർഷങ്ങളെടുത്ത് പടിപടിയായി പരിണാമം സംഭവിച്ചാണ് സങ്കീർണശരീരികളായ ജീവികൾ ഉണ്ടാകുന്നത്. അക്കൂട്ടത്തിൽ മനുഷ്യനെന്ന ജീവി കഴിഞ്ഞ രണ്ടോ മൂന്നോ ലക്ഷം വർഷം മുമ്പ് മാത്രമാണ് ഉരുത്തിരിയുന്നത്. പക്ഷേ, ഇന്നത്തെ മനുഷ്യന്റെ അതേ ബുദ്ധിശക്തിയോടെ ഉണ്ടായിട്ടും റേഡിയോ വിവരവിനിമയം വികസിപ്പിക്കാൻ മനുഷ്യൻ എത്രയോ കാലമെടുത്തു. അത് നാം സ്വായത്തമാക്കിയിട്ട് കഷ്ടിച്ച് നൂറ്റമ്പത് വർഷമേ ആയിട്ടുള്ളൂവെന്നോർക്കണം. ബഹിരാകാശ യാത്രയാണെങ്കിലോ, വെറും എഴുപതുവർഷം മുമ്പ് മാത്രവും. എന്നിട്ടും നാമിനിയും മാതൃഗ്രഹത്തിന്റെ പരിധിക്ക് വെളിയിലേക്ക് പിച്ചവെച്ച് നടക്കാൻ പോലും പ്രാപ്തരായിട്ടില്ല.

ഇതൊക്കെയായിരിക്കുമ്പോഴും മനുഷ്യനെ പ്രപഞ്ചത്തിന്റെ പശ്ചാത്തലത്തിൽ മറ്റൊരു രീതിയിൽ കൂടി നോക്കിക്കാണണം. നാം ജനിച്ചുവളർന്ന ഭൂമി, സൂര്യൻ എന്ന നക്ഷത്രത്തെ ചുറ്റുന്ന എട്ട് ഗ്രഹങ്ങളിൽ ഒന്നാണ്. സൂര്യനാണെങ്കിലോ, ക്ഷീരപഥം എന്ന നക്ഷത്രവ്യൂഹത്തിലെ (ഗാലക്സി) ഒരു ഇടത്തരം അംഗം മാത്രവും. ക്ഷീരപഥത്തിൽ ഏതാണ്ട് നാല്പതിനായിരം കോടി നക്ഷത്രങ്ങളുണ്ടാകുമെന്നാണ് നാം കണക്കാക്കിയിരിക്കുന്നത്. മൊത്തം പ്രപഞ്ചമെടുത്താൽ ക്ഷീരപഥം പോലെ ഏതാണ്ട് ഇരുപതിനായിരം കോടി നക്ഷത്രവ്യൂഹങ്ങളുണ്ട്. ഇതെല്ലാം കൂടി പരിഗണിച്ചാൽ പ്രപഞ്ചത്തിലെ സൂര്യന്മാരുടെ എണ്ണം ഒന്ന് കഴിഞ്ഞ് 22 പൂജ്യങ്ങളുള്ളത്രയും വലിയൊരു സംഖ്യയാണ്. നമുക്കത് സങ്കല്പിക്കാൻ തന്നെ പ്രയാസമായിരിക്കും, ഭൂമിയിലെ മണൽത്തരികളുടെ എണ്ണത്തിന്റെ എത്രയെങ്കിലും മടങ്ങ് വരുമത്. ഇതിൽ ഒരു അഞ്ചുശതമാനം നക്ഷത്രങ്ങളെങ്കിലും സൂര്യനോട് സമാനമാണെന്നും അവയിൽ 20 ശതമാനത്തിനെങ്കിലും ഭൂമിക്ക് സമാനമായ ഗ്രഹങ്ങളുണ്ടെന്നും കരുതിയാൽ തന്നെ പ്രപഞ്ചത്തിൽ ഭൂമിയെപ്പോലെ പത്തുലക്ഷം കോടി ഗ്രഹങ്ങളെങ്കിലുമുണ്ടാകണം. ആ ഗ്രഹങ്ങളിൽ

ഒരു ശതമാനത്തിലെങ്കിലും ജീവൻ ഉദ്ഭവിച്ചുവെന്നും അവയിൽത്തന്നെ 0.01 ശതമാനത്തിലെങ്കിലും മനുഷ്യരെപ്പോലെ വികസിതമായ ജീവിവർഗങ്ങൾ ഉരുത്തിരിഞ്ഞുവെന്നും കരുതിയാൽത്തന്നെ, നമ്മുടെ ഗാലക്സിയിൽ മാത്രം ആയിരം ഗ്രഹങ്ങളിലെങ്കിലും നമ്മളെപ്പോലെയുള്ള ജീവികൾ ഉണ്ടാകേണ്ടതാണ്.
പക്ഷേ, എന്നിട്ട് അവരൊക്കെ എവിടെയാണ്?
മേൽപ്പറഞ്ഞ ശതമാനക്കണക്കുകളൊക്കെ ചുമ്മാ വെറും ഭാവനയിൽ ഉണ്ടാക്കിയതല്ല. ചില ശാസ്ത്രീയഅറിവുകളുടെ അടിസ്ഥാനത്തിലുള്ള ഒരു ഊഹമാണ്. അന്യഗ്രഹജീവികളുണ്ടാകാനുള്ള സാധ്യത ഇത്രത്തോളം ഉണ്ടായിട്ടും നമ്മൾ ഇതുവരെ അങ്ങനെയാരെയും കണ്ടിട്ടില്ല എന്നത് ഒരു വിരോധാഭാസമാണ്. ഫെർമി വിരോധാഭാസം (Fermi paradox) എന്നാണ് അതറിയപ്പെടുന്നത്. ഇതിന് ഇപ്പോഴും കൃത്യമായ ഉത്തരം നമുക്കറിയില്ല. പക്ഷേ, നമ്മൾ ഇതുവരെ പിന്തുടർന്ന അഭ്യൂഹങ്ങളുടെ രീതിയിൽ രണ്ട് വിശാലസാധ്യതകൾ ഇവിടെ തിരിച്ചറിയാൻ കഴിയും. ഓരോന്നായി നോക്കാം.

ഒന്ന്, മറ്റ് വികസിത അന്യഗ്രഹജീവികളെ നമ്മൾ കാണാത്തതിനുകാരണം അത്തരം ജീവികൾ മറ്റെങ്ങും നിലവിലില്ലാത്തതാണ്. നമ്മൾ നേരത്തേ പറഞ്ഞ സാധ്യതകളൊക്കെ ഉണ്ടായിട്ടും വികസിത ജീവികൾ എന്തുകൊണ്ട് ഉണ്ടായില്ല എന്നതിന് ഉത്തരമായി പൊതുവേ പറയപ്പെടുന്ന വിശദീകരണം ഒരു 'പ്രാപഞ്ചിക അരിപ്പ'യുടേതാണ് (Great Filter'). അതായത്, ഭൂമിയുടെ ഈ ചരിത്രത്തിൽ അതിന്റെ ഉദ്ഭവം മുതൽ നമ്മളീ കാണുന്ന പരാക്രമിയായ മനുഷ്യൻ വരെയുള്ള പരിണാമത്തിൽ ഏതോ ഒരു ഘട്ടം നമ്മൾ കരുതുന്നതിനെക്കാൾ നിർണായകവും അസാധാരണവും ആയിരുന്നു. നമ്മളാ അരിപ്പയിലൂടെ കടക്കാൻ കഴിഞ്ഞ അപൂർവമായ ജീവികളാണ്. ആ അരിപ്പ ഒരുപക്ഷേ, ജീവന്റെ ഉദ്ഭവം തന്നെയാകാം, അതിലളിതമായ കോശത്തിൽനിന്ന് ആന്തരഘടനയുള്ള സങ്കീർണ കോശമായതാകാം, അങ്ങനെ എന്തുമാകാം. മറ്റൊരു രീതിയിൽ പറഞ്ഞാൽ, നമ്മൾ ഒരു അസാധാരണ സാധ്യതയാണെന്ന്. വേറൊരു സാധ്യതയുള്ളത്, നമ്മുടെ വികാസം അസാധാരണമല്ലെങ്കിലും ആദ്യത്തേതാണ് എന്നതാണ്. പ്രപഞ്ചത്തിന്റെ ഇത്രയും കാലത്തെ ചരിത്രത്തിൽ വികസിതജീവികൾ ഉണ്ടാകാൻ പറ്റുന്ന സാഹചര്യങ്ങൾ ഇപ്പോൾ മാത്രമാണ് ഉരുത്തിരിഞ്ഞതെന്നും ഇനി ഭാവിയിൽ കൂടുതലിടങ്ങളിൽ ഇത് ആവർത്തിക്കപ്പെടാമെന്നുമാണ് അതിനർഥം.
ഇനി രണ്ടാമത്തെ വിശാലസാധ്യത, അന്യഗ്രഹജീവികൾ മറ്റ് പലയിടങ്ങളിലും നിലവിലുണ്ടെങ്കിലും നമുക്കവരെ കാണാൻ കഴിയുന്നില്ല എന്നതുതന്നെ. അവിടെയും അസംഖ്യം ഉപസാധ്യതകൾ ഊഹിച്ചെടുക്കാം. 450 കോടി വർഷത്തെ പഴക്കമുള്ള ഭൂമിയിൽ ഇക്കഴിഞ്ഞ മൂന്നുലക്ഷം വർഷത്തിനിടെ മാത്രം ഉണ്ടായ മനുഷ്യനെ സംബന്ധിച്ച് അതിന് മുമ്പെപ്പോഴെങ്കിലും അന്യഗ്രഹജീവികൾ ഭൂമിയിൽ വന്നുപോയിട്ടുണ്ടോയെന്ന് എങ്ങനെയറിയാം! ഒരുപക്ഷേ, 'കമ്പനി'ക്ക് ആളെ കിട്ടാഞ്ഞതുകൊണ്ട് അവർ നിരാശരായി മടങ്ങിക്കാണും. ഒരു രാജ്യത്തെ ഉൾഗ്രാമത്തിലെ മനുഷ്യർ മെട്രോ നഗരത്തിലെ പുകിലൊന്നും അറിയാത്തതുപോലെ, ഈ ഗാലക്സിയുടെ ഏതെങ്കിലും അവികസിത പ്രദേശത്തായതുകൊണ്ട് നമ്മളൊന്നും അറിയാത്തതായിക്കൂടെ? വേറൊരു കടന്ന ചിന്ത കൂടി സാധ്യമാണ്; ഈ പ്രപഞ്ചത്തിലെ ഏതോ ഒരു ജീവിവർഗം അതിശക്തരും അധിനിവേശസ്വഭാവമുള്ളവരുമായ 'കാലകേയൻമാരാ'ണ്. നമുക്കൊഴികെ ബാക്കിയെല്ലാ ജീവിവർഗങ്ങൾക്കും അതറിയാം. കാലകേയൻമാരുടെ ശ്രദ്ധയാകർഷിക്കാതിരിക്കാൻ മറ്റുള്ളവർ 'ശബ്ദമുണ്ടാക്കാതെ' പതുങ്ങിയിരിക്കുകയാണെങ്കിലോ? അതോ നമ്മുടെ നിലവിലുള്ള വിവരവിനിമയ സാങ്കേതികവിദ്യകൾ തീർത്തും പ്രാകൃതമായതിനാൽ, നമ്മളെക്കാൾ വികസിതമായ അന്യഗ്രഹജീവികളുടെ സന്ദേശങ്ങൾ നമുക്ക് സ്വീകരിക്കാൻ കഴിയാത്തതാണോ? നമുക്കറിയില്ല. ഏതെങ്കിലും അന്യഗ്രഹജീവികൾക്ക് അറിയുമോ ആവോ!

✍വൈശാഖൻ തമ്പി 



Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.