എം.ആർ.ഐ സ്കാൻ (Magnetic resonance imaging/മാഗ്നെറ്റിക് റെസൊണൻസ് ഇമേജിങ് (MRI)) അഥവാ കാന്തിക അനുരണന ചിത്രീകരണം എന്നത് ശരീരത്തിലെ ആന്തരാവയവങ്ങളുടെ ഘടനയും പ്രവർത്തനവും പകർത്തിയെടുക്കാനുള്ള ഒരു സ്കാനിംഗ് രീതിയാണ്. മറ്റു സ്കാനിങുകളെപ്പോലെ ആരോഗ്യ പരമായ പ്രശ്നങ്ങളൊന്നും സൃഷ്ടിക്കാത്ത ഒരു സ്കാനിംഗ് രീതിയാണ് ഇത്. ഹാനികരമായേക്കാവുന്ന വികിരണങ്ങളൊന്നും തന്നെ ഇവിടെ ഉപയോഗിക്കുന്നില്ല.
ക്യാൻസർ പോലെയുള്ള രോഗങ്ങളെ തിരിച്ചറിയാനും കൂടുതൽ കൃത്യതയാർന്ന രോഗനിർണ്ണയം നടത്താനും എം.ആർ.ഐ. സ്കാനിംഗ് അവസരമൊരുക്കുന്നു. അതിശക്തമായ ഒരു കാന്തികമണ്ഡലം സൃഷ്ടിച്ചെടുത്താണ് സ്കാനിങ് നടത്തുന്നത്. പേശികൾ, സന്ധികൾ, അസ്ഥികൾ, ഞരമ്പുകൾ, സുഷുമ്‌ന, കശേരുക്കൾ, മൃദുകലകൾ, രക്തവാഹിനികൾ തുടങ്ങി ശരീരത്തിന്റെ മിക്ക ഭാഗങ്ങളുടെയും എം.ആർ.ഐ. പരിശോധന ഇന്ന് സാധ്യമാണ്. ഉന്നതശ്രേണിയിലുള്ളതും കൂടുതൽ കാന്തികശക്തിയുമുള്ള 1.5/3/7 ടെസ്‌ല എം.ആർ.ഐ. മെഷീനുകളിലാണ് ഇതിനുകഴിയുക. തലച്ചോറ്, നട്ടെല്ല്, വയറ്, കഴുത്ത്, വസ്തിപ്രദേശം എന്നിവയുടെ പരിശോധനകൾക്ക് എം.ആർ.ഐ. കൂടുതൽ ഗുണകരമാണ്.
ശക്തമായ കാന്തികമണ്ഡലത്തിൽ സ്ഥിതി ചെയ്യുന്ന ചില തരം അണുകേന്ദ്രങ്ങൾ പ്രത്യേക ആവൃത്തിയുള്ള റേഡിയോതരംഗങ്ങളുടെ പ്രഭാവത്താൽ ആ തരംഗങ്ങളിൽ നിന്നും ഊർജ്ജം സ്വീകരിയ്ക്കുകയും ചില കാന്തിക സ്വഭാവങ്ങൾ പ്രദർശിപ്പിയ്ക്കുകയും ചെയ്യുന്നു. ശരീരത്തിൽ ധാരാളമുള്ള ജലം, കൊഴുപ്പ് എന്നിവയുടെ തന്മാത്രകളിലെ ഹൈഡ്രജൻ അണുകേന്ദ്രങ്ങൾ ഇത്തരം കാന്തികപ്രഭാവം കാണിയ്ക്കുന്നവയാണ്. ശരീരത്തിനുചുറ്റും സ്ഥാപിച്ചിട്ടുള്ള ചില ആന്റിനകൾ ഉപയോഗിച്ച് ഈ കാന്തികപ്രഭാവം അളന്നെടുത്ത് ശരീരത്തിലെ ഇത്തരം തന്മാത്രകളുടെ വിതരണം ഉണ്ടാക്കിയെടുക്കുകയാണ് ചെയ്യുന്നത്. ജലം, കൊഴുപ്പ് തുടങ്ങിയ തന്മാത്രകളുടെ ആധിക്യമുള്ള മൃദുപേശികളുടെ(soft tissue) ഇമേജുകൾ ഉണ്ടാക്കിയെടുക്കാനാണ് എം.ആർ.ഐ പ്രധാനമായും ഉപയോഗിയ്ക്കുന്നത്. അസ്ഥികളുടെയും മറ്റും ഇമേജുകൾ വ്യക്തമായി ഉണ്ടാക്കിയെടുക്കുന്ന സി.ടി സ്കാനിങ്ങിന് പൂരകമായാണ് എം.ആർ.ഐ പ്രവർത്തിയ്ക്കുന്നത്.
അണുകേന്ദ്രങ്ങളുടെ കാന്തികമണ്ഡലവുമായുള്ള പ്രതിപ്രവർത്തനങ്ങളെക്കുറിച്ചുള്ള പഠനങ്ങൾ വളരെക്കാലം മുൻപ് തന്നെ തുടങ്ങിയിരുന്നു. 1950-ൽ എർവിൻ ഹാൻ ഇതിന്റെ പ്രവർത്തനത്തിന് സഹായകമായ ഫ്രീ ഇൻഡക്ഷൻ ഡീകെ, സ്പിൻ എക്കോ എന്നീ രണ്ടു പ്രതിഭാസങ്ങൾ കണ്ടെത്തിയിരുന്നു. തുടർന്നുള്ള വർഷങ്ങളിൽ ഹെർമാൻ കാർ, വ്ലാഡിസ്ലാവ് ഇവാനോവ്, ജെയ് സിങ്ങർ തുടങ്ങിയ പല ശാസ്ത്രജ്ഞർ എം.ആർ.ഐ സ്കാനറിന്റെ നിർമ്മാണത്തിനാവശ്യമായ പല ഘടകങ്ങളുടെയും ആശയങ്ങളുടെയും കണ്ടുപിടിത്തങ്ങൾ നടത്തി.
1971-ൽ പോൾ ലൗറ്റർബർ എന്ന അമേരിക്കൻ ശാസ്ത്രജ്ഞൻ ആണ് ആദ്യ എം.ആർ.ഐ ചിത്രം പ്രസിദ്ധീകരിച്ചത്. വെള്ളം നിറച്ച രണ്ടു കുപ്പികളുടെ ചിത്രം അദ്ദേഹം മൂന്നു മാനങ്ങളിലും ഉള്ള ഗ്രേഡിയന്റുകളും, തുടർന്നുള്ള ബാക് പ്രോജെക്ഷൻ രീതിയും ഉപയോഗിച്ച് ഉണ്ടാക്കിയെടുത്തു. 1973-ൽ ഇത് നേച്ചർ മാസികയിൽ പ്രത്യക്ഷപ്പെട്ടു. തുടർന്ന് അദ്ദേഹം ജീവനുള്ള ജീവികളുടെ ചിത്രങ്ങൾ ഉണ്ടാക്കിയെടുക്കുകയും 1974 ഒരു എലിയുടെ തൊണ്ടയുടെ ചിത്രം നേച്ചർ മാസികയിൽ പ്രസിദ്ധീകരിപ്പിയ്ക്കുകയും ചെയ്തു. ആദ്യകാലത്തു അദ്ദേഹം ഈ പുതിയ ഇമേജിങ് രീതിയെ സോയ്ഗ്മാറ്റോഗ്രാഫി എന്നാണ് വിളിച്ചത്. തുടർന്ന് ഇതിന് എൻ.എം.ആർ. ഇമേജിങ് എന്ന പേര് സിദ്ധിച്ചു. എഴുപതുകളുടെ രണ്ടാംപകുതിയിൽ ലൗറ്റർബറും, പീറ്റർ മാൻസ്ഫീൽഡ് എന്ന ശാസ്ത്രജ്ഞനും ചേർന്ന് എക്കോ-പ്ലാനർ ഇമേജിങ് ടെക്‌നിക് എന്ന എം.ആർ.ഐ സീക്വെൻസ് കണ്ടുപിടിച്ചു. ഇവരുടെ കണ്ടുപിടിത്തങ്ങൾക്ക് 2003-ലെ ഫിസിയോളജി, മെഡിസിൻ ശാഖകളിലെ നോബൽ സമ്മാനം ഇവർക്കു ലഭിച്ചു.
മനുഷ്യശരീരത്തിലെ ജലാംശം, കൊഴുപ്പ് എന്നീ ഘടകങ്ങളിൽ ഉള്ള ഹൈഡ്രജൻ ആറ്റങ്ങളുടെ കേന്ദ്രത്തിൽ ഒരു പ്രോട്ടോൺ ആണുള്ളത്. ശരീരത്തിന്റെ ഒരോ ചെറിയ അംശത്തിലും (ഇതിനെ ഒരു വോക്സെൽ (voxel) എന്ന് വിളിയ്ക്കുന്നു) ഇത്തരം അനേക ദശലക്ഷം പ്രോട്ടോണുകൾ കാണപ്പെടുന്നു. ഈ പ്രോട്ടോണുകൾക്ക് സ്പിൻ എന്ന ഒരു ക്വാണ്ടം മെക്കാനിക്കൽ സ്വഭാവം ഉണ്ട്(ഇതിനെ ഭ്രമണം എന്ന് വിളിയ്ക്കാമെങ്കിലും ശരിയ്ക്കും നമ്മൾ ഉദ്ദേശിയ്ക്കുന്ന തരം ഭൗതികഭ്രമണമല്ല ഇത്.) ഈ സ്പിൻ'ന്റെ ദിശ മുകളിലേയ്ക്കോ താഴേയ്‌ക്കോ ആകാം. ഇവയുടെ ദിശയ്ക്കനുസൃതമായി അവയ്‌ക്കൊരു കാന്തികസ്വഭാവം ഉണ്ടാകും. അതായത് ഓരോ പ്രോട്ടോണും ഒരു കാന്തം പോലെ പ്രവർത്തിയ്ക്കുന്നു. പൊതുവെ ഒരു വോക്സെലിൽ ഉള്ള പ്രോട്ടോണുകൾ പല ദിശകളിൽ സ്പിൻ ചെയ്യുന്നതിനാൽ അവയുടെ കാന്തികദിശകളും പല വഴിയ്ക്കായിരിയ്ക്കും. അതിനാൽ അവയുടെ കാന്തികസ്വഭാവങ്ങൾ പരസ്പരം ക്യാൻസൽ ചെയ്തു പോകുന്നു. അതിനാൽ ആ വോക്സെലിന് ആകെ നോക്കുമ്പോൾ കാന്തികസ്വഭാവം ഒന്നും കാണില്ല.
എന്നാൽ ഒരു ശക്തിയേറിയ കാന്തികമണ്ഡലത്തിൽ സ്കാൻ ചെയ്യേണ്ട ആളെ ആദ്യം കിടത്തുമ്പോൾ അയാളുടെ ശരീരത്തിലെ ഓരോ വോക്സെലുകളിലെയും പ്രോട്ടോൺ-കാന്തങ്ങൾ പുറമെയുള്ള കാന്തികമണ്ഡലത്തിന് സമാന്തരമായി നിലകൊള്ളുന്നു. ഇവയിൽ ഏതാണ്ട് പകുതി എണ്ണം പ്രോട്ടോണുകൾ കാന്തികമണ്ഡലത്തിന്റെ ഉത്തരധ്രുവത്തിന് നേരെയും മറ്റുള്ളവ ദക്ഷിണധ്രുവത്തിന് അഭിമുഖമായും നിലകൊള്ളുന്നു. എന്നാൽ ഇവയുടെ അളവിൽ ഒരു ചെറിയ വ്യത്യാസം കാണുന്നു. അതായത് കാന്തികമണ്ഡലത്തിന്റെ ഒരു ധ്രുവത്തിന് നേരെ വളരെ ചെറിയ എണ്ണം പ്രോട്ടോണുകൾ കൂടുതലായി തിരിഞ്ഞുനിൽക്കും. അതിനാൽ ഈ സമയത്ത് ഓരോ വോക്സെലിനും വളരെ ചെറിയ ഒരു അളവ് കാന്തശക്തി കൈവരുന്നു. ഓരോ വോക്സിലിനുമുള്ള ഈ ചെറിയ കാന്തികശക്തി അവയിലെ പ്രോട്ടോണുകളുടെ എണ്ണത്തിന് ആനുപാതികമായിരിയ്ക്കും. ഈ കാന്തികശക്തി എത്രയുണ്ട് എന്ന് അളന്നെടുത്താൽ ആ വോക്സെലിലെ പ്രോട്ടോണുകളുടെ എണ്ണവും തൽഫലമായി അവയിലെ ജലാംശം, കൊഴുപ്പ് എന്നിവയുടെ അളവും കണ്ടുപിടിയ്ക്കാം.
ഇത് അളന്നെടുക്കാനായി ഒരു വശത്തേയ്ക്ക് തിരിഞ്ഞു നിൽക്കുന്ന അധികമുള്ള ഈ പ്രോട്ടോണുകളെ പുറത്തു നിന്നും കൂടുതൽ ഊർജ്ജം നൽകി മറുവശത്തേയ്ക്ക് തിരിയ്ക്കുന്നു. ഈ കൂടുതലായുള്ള ഊർജ്ജം അവയിൽ ശേഖരിച്ചു വെച്ചാണ് അവ മറുവശത്തേയ്ക്ക് തിരിയുന്നത്. പുറത്തുനിന്നുള്ള ഈ ഊർജ്ജം നിൽക്കുമ്പോൾ അവ സംഭരിച്ചുവെച്ചിട്ടുള്ള ഊർജ്ജം പുറത്തേയ്ക്ക് വിടുകയും തിരിയെ പഴയ ദിശയിലേക്ക് തന്നെ തിരിഞ്ഞു നിൽക്കുകയും ചെയ്യുന്നു. ഈ പുറത്തുവരുന്ന ഊർജ്ജത്തിന്റെ അളവ് അളന്നെടുത്ത് ഓരോ വോക്സെലിലും എത്ര പ്രോട്ടോണുകൾ ഉണ്ടെന്നു കണക്കാക്കാവുന്നതാണ്.
ഇത് ഭൗതികമായി ചെയ്തെടുക്കാനായി സ്പിന്നിന് പുറമെ പ്രോട്ടോണുകളുടെ പുരസ്സരണം എന്ന പ്രതിഭാസത്തെക്കൂടി ആശ്രയിയ്ക്കേണ്ടതുണ്ട്. ഈ ചെറിയ പ്രോട്ടോൺ കാന്തങ്ങൾ അവയുടെ സ്പിൻ അച്ചുതണ്ടിന് ചുറ്റും ഒരു നിശ്ചിത ആവൃത്തിയിൽ പുരസ്സരണം ചെയ്യുക കൂടി ഉണ്ടാകും. ഇതേ സമയം ഇവയുടെ ദിശയ്ക്ക് ലംബമായി അതേ ആവൃത്തിയിൽ സ്കാനെറിൽ നിന്നും ഒരു റേഡിയോ പൾസ് പുറപ്പെടുവിയ്ക്കുന്നു. ഈ റേഡിയോ പൾസുമായി അനുരണനത്തിൽ ഏർപ്പെടുന്ന പ്രോട്ടോൺ കാന്തങ്ങൾ അവയിൽ നിന്നുള്ള ഊർജ്ജം സ്വീകരിച്ച് തങ്ങളുടെ ദിശ മാറ്റി സ്പിൻ ചെയ്യുന്നു.(ഒരു ഊഞ്ഞാലിനെ ആട്ടാനായി നമ്മൾ ഊർജ്ജം പ്രയോഗിയ്ക്കുമ്പോൾ ആ ഊഞ്ഞാലിന്റെ സ്വാഭാവികആവൃത്തിയിൽ നമ്മുടെ കൈകൾ ഊർജ്ജം പുറപ്പെടുവിയ്ക്കുമ്പോൾ ആണ് ഏറ്റവും കുറഞ്ഞ ഊർജ്ജത്തിൽ ഊഞ്ഞാലിനെ ചലിപ്പിയ്ക്കാൻ കഴിയുക എന്നോർക്കുക. ഇവിടെ ഊഞ്ഞാലും നമ്മുടെ കൈകളും അനുരണനത്തിലാണെന്ന് പറയാം.) റേഡിയോ പൾസ് നിൽക്കുമ്പോൾ അവ സ്വീകരിച്ചു വെച്ചിട്ടുള്ള ഊർജ്ജം തിരികെ റേഡിയോ ആവൃത്തിയിൽ പുറത്തുവിടുന്നു. ഈ ഊർജ്ജം പൊതുവെ ഓരോ വോക്സെലിലും അടങ്ങിയിട്ടുള്ള പ്രോട്ടോണുകളുടെ എണ്ണത്തിന് അനുപാതത്തിൽ ആയിരിയ്ക്കും. ശരീരത്തിന് പുറത്തുവെച്ചിരിയ്ക്കുന്ന ഒരു ആന്റീന ഉപയോഗിച്ച് ഈ റേഡിയോ സിഗ്നലുകളെ പിടിച്ചെടുത്ത് അവ പുറപ്പെട്ട സ്ഥാനത്തിന് അനുസരിച്ച് രേഖപ്പെടുത്തി വെയ്ക്കുന്നു. ഇങ്ങനെ ശരീരത്തിലെ എല്ലാ വോക്സെലുകളിലെ പ്രോട്ടോണുകളുടെ എണ്ണത്തിന്റെ വിതരണം നിശ്ചയിയ്ക്കുന്നതിലൂടെ ശരീരത്തിന്റെ ഒരു ഇമേജ് ഉണ്ടാക്കിയെടുക്കാൻ സാധിയ്ക്കും. ഇതിനെ പ്രോട്ടോൺ ഡെൻസിറ്റി വെയ്റ്റഡ് ഇമേജ് എന്ന് പറയുന്നു.
ശരീരത്തിലെ ഡി.എൻ.എ കളെ അയോണൈസ് ചെയ്യുന്ന റേഡിയേഷൻ (x-റേ ഇത്തരം റേഡിയേഷന് ഉദാഹരണമാണ്) ഒട്ടും തന്നെ ഉപയോഗിയ്ക്കാത്തതിനാൽ മറ്റു സ്കാനിംഗ് രീതികളെ അപേക്ഷിച്ചു് വളരെ സുരക്ഷിതമാണ് എം.ആർ.ഐ. എന്നാൽ ശക്തമായ ഒരു കാന്തികമണ്ഡലം സ്കാനറിലും ചുറ്റും ഉള്ളതിനാൽ വളരെ സൂക്ഷിച്ചുവേണം സ്കാനറിന്റെ അടുത്ത് പ്രവർത്തിയ്ക്കാൻ. കാന്തികമായ (ഫെറോമാഗ്നെറ്റിക്, ഉദാ : ഇരുമ്പ്) ലോഹങ്ങൾ കൊണ്ടുണ്ടാക്കിയ വസ്തുക്കളൊന്നും തന്നെ സ്കാനർ വെച്ചിരിയ്ക്കുന്ന മുറിയിൽ കൊണ്ടുപോകാൻ പാടുള്ളതല്ല. വീൽചെയർ, ഓക്സിജൻ സിലിണ്ടർ തുടങ്ങിയവ ഉദാഹരണങ്ങളാണ്. ഇത്തരം വസ്തുക്കളെ ശക്തമായി സ്കാനറിന്റെ കേന്ദ്രത്തിലേക്ക് വലിച്ചെടുക്കുന്നതിനാൽ അവ ശരീരത്തിൽ കൊണ്ട് പരുക്കുകൾ പറ്റാനുള്ള സാധ്യത ഏറെയാണ്. സ്കാനെറിൽ ഇങ്ങനെ പറ്റിപ്പിടിച്ചുപോയ വസ്തുക്കൾ തിരിച്ചെടുക്കാൻ ചില സന്ദർഭങ്ങളിൽ സ്കാനറിലെ കാന്തം സ്വിച്ച് ഓഫ് ചെയ്ത് ഹീലിയം വാതകാവസ്ഥയിൽ ആക്കിക്കളയേണ്ടി വരും(ഇതിനെ quenching/ക്വെഞ്ചിങ് എന്ന് വിളിയ്ക്കുന്നു). വീണ്ടും ദ്രവീകൃത ഹീലിയം നിറയ്ക്കുക എന്നുള്ളത് വളരെ ചെലവുള്ള പ്രക്രിയയാണ്.
ഇത്തരം ലോഹങ്ങൾ കൊണ്ടുണ്ടാക്കിയ ഇമ്പ്ലാന്റുകൾ ശരീരത്തിൽ ഉള്ളവരും സ്കാനിംഗ് റൂമിൽ കയറുന്നത് സാധാരണയായി വിലക്കിയിരിയ്ക്കുന്നു. പേസ്‌മേക്കർ, കോക്ലിയാർ ഇമ്പ്ലാന്റുകൾ തുടങ്ങിയവയുടെ പ്രവർത്തനവും ശക്തമായ കാന്തികമണ്ഡലത്തിൽ തടസ്സപ്പെടാം എന്നുള്ളതിനാൽ ഇത്തരം ഉപകരണങ്ങൾ ധരിയ്ക്കുന്നവരെയും സാധാരണഗതിയിൽ സ്കാനിംഗ് റൂമിൽ വിലക്കിയിരിയ്ക്കുന്നു. അപകടകരമാണെന്ന് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും ഗർഭിണികളിലും എം.ആർ.ഐ സ്കാൻ പൊതുവേ നടത്താറില്ല. സ്കാനിംഗ് റൂമിലെ ശബ്ദം (ഗ്രേഡിയന്റുകൾ വളരെ വേഗത്തിൽ മാറിക്കൊണ്ടിരിയ്ക്കുന്നതിലാണ് ഈ ശബ്ദം ഉണ്ടാകുന്നത്) ചിലരിൽ അസ്വസ്ഥതയുണ്ടാക്കിയേക്കാം. അതുപോലെ സ്കാനറിന്റെ ഇടുങ്ങിയ ബോറിൽ വളരെ നേരം കിടക്കേണ്ടത് ചിലർക്ക് അസ്വസ്ഥതയും അകാരണഭയവും ഉളവാക്കിയേക്കാം.
സ്കാനിനിങ്ങിന് വേണ്ടി പുറപ്പെടുവിയ്ക്കുന്ന റേഡിയോഫ്രീക്വെൻസിക്ഷേത്രങ്ങൾ ശരീരത്തിൽ പൊള്ളലിന് കാരണമായേക്കാം. അതിനാൽ സ്കാനെറുകൾ വളരെയധികം മുൻകരുതലുകൾ എടുത്തശേഷമാണ് ഇവ പുറപ്പെടുവിയ്ക്കുന്നത്. താഴെപ്പറയുന്ന കാര്യങ്ങൾ സ്കാനിങ്ങിന് മുൻപ് ചെയ്തിരിയ്ക്കണം.
രോഗിയുടെ ശരീരത്തിൽ നിന്നും ലോഹം കൊണ്ടുള്ള വസ്തുക്കളെല്ലാം അഴിച്ചുമാറ്റുന്നു.
സ്കാനർ/കോയിൽ എന്നിവയിലെ ലോഹം കൊണ്ടുള്ള ഭാഗങ്ങളൊന്നും രോഗിയുടെ ശരീരത്തിൽ തട്ടാതിരിയ്ക്കാനായി ഇൻസുലേഷൻ കൊടുത്തിരിയ്ക്കുന്നു. ശരീരഭാഗങ്ങൾ തമ്മിൽ കൂടിച്ചേർന്ന് ഒരു അടഞ്ഞ ലൂപ്പ് ഉണ്ടാകാതെയിരിയ്ക്കാനും ശ്രദ്ധിയ്ക്കുന്നു.
കൃത്യമായി പരിശോധിയ്ക്കപ്പെട്ട ഉപകരണങ്ങൾ മാത്രമേ സ്കാനിംഗ് റൂമിൽ കയറ്റുകയുള്ളൂ.
എന്നാൽ ഇത്തരം അപകടസാധ്യതകൾ സ്കാനിംഗ് നടത്തേണ്ട അത്യാവശ്യവുമായി തട്ടിച്ചുനോക്കിയാണ് ഇത്തരം രോഗികളെ സ്കാനിങ്ങിനു വിധേയമാക്കേണ്ടതുണ്ടോ ഇല്ലയോ എന്ന് തീരുമാനമെടുക്കുന്നത്. ആധുനിക സ്കാനെറുകളിൽ ഇത്തരം ചില ഇമ്പ്ലാന്റുകൾ അനുവദിയ്ക്കത്തക്ക രീതിയിൽ കാന്തികമണ്ഡലത്തിന്റെയും, റേഡിയോ പൾസുകളുടെയും പ്രഭാവം പരിമിതപ്പെടുത്താനുള്ള സൗകര്യങ്ങളുമുണ്ട്. സ്കാനർ റൂമിനു പുറത്ത് അവിടെ പാലിയ്ക്കേണ്ട സുരക്ഷാസംവിധാനങ്ങളെപ്പറ്റി വ്യക്തമായി എഴുതിവെച്ചിരിയ്ക്കും. ഇത് കൃത്യമായി പാലിയ്ക്കേണ്ടത് അത് നിയന്ത്രിക്കുന്നവരുടെയും അവിടെ വരുന്ന ഓരോരുത്തരുടെയും ചുമതലയാണ്




