ഭൂമിയെ ആവരണം ചെയ്യുന്ന വായുമണ്ഡലം
🌀ഭൂമിയെ ആവരണം ചെയ്യുന്ന വായുമണ്ഡലത്തെയാണു ഭൗമാന്തരീക്ഷം (Earth's atmosphere) എന്നതു കൊണ്ട് അർത്ഥമാക്കുന്നത്.
🌀ജീവന്റെ നിലനില്പും വളർച്ചയും അന്തരീക്ഷത്തെ ആശ്രയിച്ചിരിക്കുന്നു. അദൃശ്യവും അസ്പൃശ്യവും പ്രകാശസംക്രമണ ക്ഷമവുമാണ് വായുമണ്ഡലം. ഉയരം കൂടുന്തോറും നേർത്തുവരുന്ന ഇതിന്റെ വ്യാപ്തി 1,000 കി.മീ. ആയി കണക്കാക്കപ്പെട്ടിരിക്കുന്നു. ചുരുക്കം ചില വാതകങ്ങളുടെ മിശ്രിതമാണ് വായു. ഓരോ ദിവസവും മനുഷ്യൻ ആയിരക്കണക്കിന് ലിറ്റർ വായു ശ്വസിക്കുന്നു. നൈട്രജനും ഓക്സിജനുമാണ് വായുവിൽ പ്രധാനമായും അടങ്ങിയിരിക്കുന്ന വാതകങ്ങൾ. ഇതിനു പുറമേ കാർബൺ ഡൈ ഓക്സൈഡും, ആർഗൺ പോലെയുള്ള ഉൽകൃഷ്ട വാതകങ്ങളും ചെറിയ അളവിൽ വായുവിൽ അടങ്ങിയിരിക്കുന്നു. ഇതിന്റെ ഘടകങ്ങൾ അന്തരീക്ഷത്തിൽ പല ഗുണവിശേഷങ്ങളും പ്രകടമാക്കുന്നു.
🌀അത്ഭുതകരങ്ങളായ പ്രക്രിയകൾക്ക് അവ ഹേതുവായിത്തീരുന്നു. കാറ്റ്, മേഘങ്ങൾ, വർണരാജികൾ തുടങ്ങിയ എല്ലാ പ്രതിഭാസങ്ങളുടെയും ഉറവിടം അന്തരീക്ഷമാണ്.
🌀വായുവിന്റെ പ്രധാന ഘടകങ്ങൾ നൈട്രജൻ (78.08 ശ.മാ.), ഓക്സിജൻ (20.95 ശ.മാ.) എന്നിവയാണ്. അവശേഷിക്കുന്ന 0.97 ശതമാനത്തിൽ 0.93 ശതമാനവും ആർഗണാണു്. ബാക്കി എല്ലാ വാതകങ്ങളും കൂടി 0.04 ശതമാനം മാത്രം. നന്നേ ചെറിയ അളവിൽ കാർബൺ ഡൈഓക്സൈഡും നിയോൺ, ഹീലിയം, മീഥേൻ, ഓസോൺ, നീരാവി തുടങ്ങിയ വാതകങ്ങളും വായുവിൽ അടങ്ങിയിരിക്കുന്നു. ഇവയുടെ അളവിൽ ചില്ലറ ഏറ്റക്കുറച്ചിലുകൾ വരാം. അതിനനുസരിച്ച് ഓക്സിജന്റെ അളവിലും വ്യതിയാനം ഉണ്ടാകുന്നു. കാർബൺ ഡൈഓക്സൈഡിന്റെ ശ.ശ. അളവ് 0.03 ശ.മാ. ആണ്. നീരാവിയുടെ അളവിൽ സ്ഥലകാലഭേദങ്ങളനുസരിച്ച് വ്യതിയാനങ്ങൾ വരാവുന്നതാണ്.
🌀ആർട്ടിക് മേഖലയിൽ നീരാവിയുടെ വ്യാപ്തമാനം 0.001 ശ.മാ. ആണ്.
🌀വായുവിലടങ്ങിയിരിക്കുന്ന ഈ വാതകങ്ങളുടെ അനുപാതം, ഭൂമിയിലെല്ലായിടത്തും ഏറെക്കുറെ തുല്യമാണ്. മേൽപ്പറഞ്ഞ വാതകങ്ങൾ കൂടാതെ പൊടിപടലങ്ങളും മറ്റു മലിനവാതകങ്ങളും വായുവിൽ അടങ്ങിയിരിക്കുന്നു. ഇവയുടെ അളവ് ഓരോ സ്ഥലങ്ങളിലും വ്യത്യസ്തമാണ്.
🌀മധ്യരേഖാപ്രദേശങ്ങളിൽ അത് 5 ശ.മാ. ആയി വർദ്ധിക്കുന്നു. അന്തരീക്ഷത്തിലെ ഏറ്റവും പ്രമുഖമായ ഘടകമാണ് നീരാവി. കാറ്റ്, മഴ തുടങ്ങിയ വിവിധ പ്രകൃതിപ്രക്രിയകൾക്കും അതോടനുബന്ധിച്ചുള്ള കാലാവസ്ഥാപ്രകാരങ്ങൾക്കും ഹേതുവായിത്തീരുന്നത് നീരാവിയിലെ ഏറ്റക്കുറച്ചിലുകളാണ്. നാനാരീതിയിൽ അന്തരീക്ഷത്തിൽ കടന്നു കൂടുന്ന മലിനധൂളികൾക്കും ഇക്കാര്യത്തിൽ പങ്കുണ്ട്. അന്തരീക്ഷത്തിൽ സംഘനനക്രിയയുടെ തുടക്കത്തിന് ഈ സൂക്ഷ്മധൂളികളുടെ സാന്നിധ്യം അനിവാര്യമാണ്.
🌀ഉയർന്ന വിതാനങ്ങളിൽ മാത്രം സാമാന്യമായ തോതിൽ കണ്ടുവരുന്ന ഓസോൺ (O_3) വാതകമാണ് അന്തരീക്ഷത്തിലെ മറ്റൊരു ഘടകം. സൗരപ്രസരണത്തിലെ അത്യുഗ്രവും വിപല്കരവുമായ അൾട്രാവയലറ്റ് രശ്മികളെ അരിച്ചെടുത്ത് നിഷ്ക്രിയമാക്കുന്നതിൽ ഓസോൺ കാര്യമായ പങ്കു വഹിക്കുന്നു.
🌀താണ വിതാനങ്ങളിലൊഴികെ അന്തരീക്ഷഘടന ഏറെക്കുറെ സ്ഥായിയാണ്. അന്തരീക്ഷത്തിലെ താപനില, ഉയരം അടിസ്ഥാനമാക്കി നോക്കുമ്പോൾ സ്ഥിരമല്ല. നിശ്ചിത ഉയരങ്ങളിൽ ക്രമമായ ഏറ്റക്കുറച്ചിലുകൾ കാണാം. വിവിധ ഉന്നതികളിലെ താപനിലയെ സൂചിപ്പിക്കുന്ന ലേഖ താഴെ ചേർത്തിരിക്കുന്നു.
🌀ഗതിശീലമായ വാതകമാണ് വായു. ഒരു സ്ഥലത്തെ വായുവിന്റെ ഘനത്വം അവിടെ ഭൂനിരപ്പിനു മുകളിലുളള വായുനാളത്തിന്റെ ഭാരത്തെ ആശ്രയിച്ചിരിക്കും. ഈ ഘനത്വമാണ് അന്തരീക്ഷമർദ്ദം. സമുദ്രനിരപ്പിൽ ച.സെ.മീ. ന് 1.054 കി.ഗ്രാം (ച. ഇഞ്ചിന് 1.516 കി.ഗ്രാം) എന്ന തോതിലാണ് മർദ്ദം അനുഭവപ്പെടുക. മർദ്ദത്തിന്റെ ഈ മാത്രയ്ക്കാണ് ഒരു 'അറ്റ്മോസ്ഫിയർ' (atmosphere) എന്നു പറയുന്നത്. വായുവിന്റെ മർദ്ദം അളക്കാൻ ഉപയോഗിക്കുന്ന ഏകകം പാസ്ക്കൽ ആണു്. Pa എന്നാണു് പാസ്ക്കലിനെ സൂചിപ്പിക്കുന്നതു്. ചതുരശ്ര മീറ്ററിൽ ഒരു ന്യൂട്ടൺ ബലം ഉണ്ടാക്കുന്ന മർദ്ദമാണു് ഒരു പാസ്ക്കൽ. സമുദ്രനിരപ്പിൽ മാനദണ്ഡമായി എടുത്തിരിക്കുന്ന അന്തരീക്ഷമർദ്ദം 101.325 കിലോപാസ്ക്ലാണു്. ഏകദേശം 5,500 മീ. ഉയരെ വായുമർദ്ദം പകുതിയാകുന്നു; ഏകദേശം 16 കി.മീ. പൊക്കത്തിലാവുമ്പോൾ പത്തിലൊന്നായും 30 കിലോമീറ്ററിൽ നൂറിലൊന്നായും കുറയുന്നു




